Thursday, February 25, 2010

FreedomGIS at Wordpress

Hi,
I have moved to word press. FreedomGIS blog is now available at freedomgis.wordpress.com

Tuesday, October 16, 2007

വിജ്ഞാന സംഗമം 27 ഒക്ടോബര്‍, 2007

ഗ്നൂ/ലിനക്സ് ഉള്‍പ്പെടെയുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ ഇന്ന് വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്‍വെയര്‍ സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് സ്വതന്ത്ര സോഫ്റ്റ്‍വെയറുകളെന്നും ശ്രീ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നിര്‍വ്വചിച്ച നാല് സ്വാതന്ത്ര്ങ്ങളാണ് ഈ ആശയത്തിന് വ്യക്തത നല്‍കിയതെന്നുമൊക്കെ മിക്കവര്‍ക്കും (ഇതുമായി ബന്ധപ്പെടുന്നവര്‍ക്കെങ്കിലും) അറിയാം.

സോഫ്റ്റ്‍വെയര്‍ എന്ന ഇടുങ്ങിയ ഒരു മേഖലയില്‍ മാത്രം നിലനില്ക്കുന്നതല്ല ഈ കാഴ്ചപ്പാട്. മറിച്ച് അറിവിന്റെ സ്വാതന്ത്ര്യം എന്ന വലിയ സ്വപ്നത്തിന്റെ, അഥവാ, വലിയ ഒരു ലക്ഷ്യത്തിന്റെ ആദ്യ പടി മാത്രമാണ് സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍. ഇന്റര്‍നെറ്റ് എന്ന മഹത്തായ വലക്കെട്ടില്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് കമ്പ്യൂട്ടര്‍ വിദഗ്ധരായിരുന്നു എന്നതിനാല്‍ മാത്രമാണ് ഈ "സ്വാതന്ത്ര്യ പ്രസ്ഥാനം" സോഫ്റ്റ്‍വെയര്‍മേഖലയില്‍ ആദ്യം വിജയം കണ്ടത്. ഈ വിജയം അറിവിന്റെ അഥവാ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.

കേരളാ ഗവണ്‍മെന്റ് പുതിയ ഐറ്റി നയത്തിലൂടെ ഇതേ സമീപനമാണ് മുന്നോട്ടുവെയ്ക്കുന്നത്. "ഏവരേയും ഉള്‍ക്കൊള്ളുന്ന, വിജ്ഞാനാധിഷ്ഠിത സമൂഹമത്തിലേക്ക്" എന്നതാണ് പുതിയ നയത്തിന്റെ കാഴ്ചപ്പാടുതന്നെ. സ്വതന്ത്ര വിജ്ഞാനത്തിന് പൊതുവായും സ്വതന്ത്രസോഫ്റ്റ്‍വെയറിന് പ്രത്യേകമായും ഈ നയം ഊന്നല്‍ നല്കുന്നുണ്ട്.

ഇത്രയും വ്യക്തമായി സ്വതന്ത്ര വിജ്ഞാനത്തിന് പിന്തുണ നല്കുന്ന ഒരു നയം രൂപീകരിപ്പിക്കാനായി എന്നത്, ഭരണാധികാരികളെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി എന്നത്, ഒരു വലിയ നേട്ടമാണ്. എന്നാല്‍ നയത്തില്‍ എന്തൊക്കെ പറഞ്ഞാലും പ്രവര്‍ത്തിയില്‍ അതൊക്കെ വരുത്തുക എളുപ്പമല്ല. ആ ചുമതല സ്വതന്ത്ര വിജ്ഞാനകൂട്ടങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. വിക്കിപീഡിയ, ഫ്ളിക്കര്‍, ബ്ലോഗ്, ഓപ്പണ്‍ അസസ്, സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ തുടങ്ങിയ മേഖലകളിലുള്ള ആള്‍ക്കാരൊക്കെ ഈ ശ്രമത്തില്‍ പങ്ക് ചേരണം. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകള്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. കൂടെ, അതത് മേഖലകളില്‍ സ്വതന്ത്ര വിജ്ഞാനമെന്ന കാഴ്ചപ്പാടിനെ പ്രചരിപ്പിക്കാനും, കൂടുതല്‍ പേരെ അവരുടെ പ്രസിദ്ധീകരണങ്ങളെ സ്വതന്ത്ര വിജ്ഞാനങ്ങളാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികുയും വേണം..

ഈ കാര്യങ്ങള്‍ക്കെല്ലാമായി ഒരു സ്വതന്ത്ര വിജ്ഞാനകൂട്ടായ്മ 27ാം തീയതി ഏര്‍ണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്നു. കേരളാ ഗവണ്‍മെന്റ് സ്ഥാപനമായ ഐടി. മിഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. എങ്കിലും കേവലം ഒരു സര്‍ക്കാര്‍ പരിപാടിയായല്ലാ, മറിച്ച് കൂട്ടായ്മകളുടെ കൂട്ടായ്മയായാണ് ഇത് ഉദ്ധേശിക്കുന്നത്.. ഒരു നല്ല തുടക്കമാവുമെന്ന് ആശിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://free-knowledge.web4all.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുക.
അപ്പോ, എല്ലാരും വരൂല്ലോ?.... 27 ന് കാണാം..വിവിധ മേഖലകളെക്കുറിച്ച്....

1. വിക്കി പീഡിയ
വിക്കിപീഡിയയുടെ പ്രാധാന്യമൊന്നും ഞാന്‍ വിവരിക്കേണ്ടതില്ലല്ലോ.. മലയാളത്തിലും വിക്കിപീഡിയയുടെ പ്രവര്‍ത്തനം വളരെ സജീവമാണ്. സ്വതന്ത്ര വിജ്ഞാനമെന്ന സങ്കല്പത്തിന് ഏറ്റവും മികച്ച ഉദാഹരണവും വിക്കിപീഡിയ തന്നെ.

2. ഓപ്പണ്‍ അസസ് (Open access)
ഗവേഷണ പ്രബന്ധങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ. ഇതിന്റെ അനിവാര്യത മനസ്സിലാകണമെങ്കില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതി നോക്കിയാല്‍ മതി. ഗവണ്‍മെന്റാണ് (ജനങ്ങളുടെ കാശുപയോഗിച്ച്) മിക്ക ഗവേഷണങ്ങളുടെയും പ്രായോജകര്‍. എന്നാല്‍ ഗവേഷണാവസാനം ഇതിന്റെ കണ്ടെത്തലുകള്‍ (കൊള്ളാവുന്നതാണെങ്കില്‍) ഏതെങ്കിലും അന്തര്‍ദേശീയ/ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുന്നു. ഇതോടെ ഈ പ്രബന്ധം ആ ജേര്‍ണലിന്റെ സ്വത്താകുകയാണ്. ആവശ്യക്കാര്‍ ആ ജേര്‍ണല്‍ വാങ്ങിക്കൊള്ളണം. ഗവേഷണം നടന്ന അതേ സ്ഥാപനത്തിലെ മറ്റൊരാള്‍ക്കാണെങ്കില്‍ പോലും, എന്തിന് കാശ് കൊടുത്ത സര്‍ക്കാരിന് പോലും കണ്ടെത്തലുകളറിയാന്‍ ആ ജേര്‍ണലിന് കാശ് കൊടുക്കണം. അത് അവരുടെ സ്വത്താണ് !!

3. ഫ്ളിക്കര്‍ കൂട്ടായ്മകള്‍
ഫ്ലിക്കറില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുന്ന ആള്‍ക്കാര്‍ നിരവധിയാണ്. കേരളത്തില്‍ നിന്നും നിരവധിപേരുടെ ചിത്രങ്ങള്‍ ഈ ലൈസന്‍സില്‍ കണ്ടിട്ടുണ്ട്. വിലപ്പെട്ട ഒരു ശേഖരമാണ് അവരിലൂടെ നിര്‍മ്മിക്കപ്പെടുന്നത്..

മറ്റ് ലൈസന്‍സുകളുപയോഗിക്കുന്നവരെക്കൂടി നമുക്ക് ഈ മാര്‍ഗ്ഗത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ആശിക്കാം

4. ബ്ലോഗുകള്‍
ഫ്ലിക്കറിലെ പോലെ സ്വതന്ത്ര ലൈസന്‍സുകള്‍ക്ക് അത്ര പ്രചാരം ബ്ലോഗിലില്ല. എങ്കിലും, സ്വതന്ത്ര ലൈസന്‍സുകളുടെ ആവശ്യകത ഇടക്കൊക്കെ മലയാളം ബ്ഗോഗില്‍ ചര്‍ച്ചചെയ്യപ്പെടാറുണ്ട്. മാത്രമല്ല, സ്വതന്ത്ര സോഫ്റ്റ്‍വെയറുമായും വിക്കിപീഡിയയുമായുമൊക്കെ നല്ല ബന്ധമുള്ള പലരും മലയാളം ബ്ലോഗിംഗിലുമുണ്ട്. അതുകൊണ്ടുതന്നെ സ്വതന്ത്രവിജ്ഞാനമെന്ന ആശയം ഇവിടെ നല്ല പ്രചാരം കിട്ടുമെന്നാശിക്കാം. മലയാളം ബ്ലോഗുകള്‍ സ്വതന്ത്ര വിജ്ഞാനകൂട്ടായ്മയുടെ ഭാഗമായാല്‍, കവിതകളും ലേഖനങ്ങളും കഥകളുമൊക്കെയായി ഒരു വലിയ ശേഖരമാവും സൃഷ്ടിക്കപ്പെടുക.

ഒരിക്കല്‍ക്കൂടി എല്ലാവരേയും ക്ഷണിക്കുന്നു, 27 ന് ഏറണാകുളത്തേക്ക്........

Monday, March 05, 2007

Protest aganist plagiarisation of Yahoo! India

Few weeks back, Yahoo! India copied contents from few Malayalam blogs without permission from respective authors, and declared them as "copyrighted" by Yahoo!. This is a shameful act of plagiarism, that too by a giant corporation. Instead of apologizing and correcting the mistake, Yahoo! chose not to owe the responsibility . The contents have been removed from Yahoo! portal. But this not sufficient, we demand your apology.

Today, on March 5, hundreds of bloggers are marching against the giant corporation demanding apology from Yahoo!. sajithvk.blogspot.com joins the protest. Shame Shame Yahoo!!

A note on free content
Best contents made in the ever history of man kind, such as wikipedia, Indian epic poetries, are results of "collaborative writing". To make this possible, contents should be distributed under certain free (as in freedom) licenses such as GNU FDL or creative commons.
However, it is upto the author to decide license of the content. Hence, this in no way justifies current act of Yahoo!. Moreover, what Yahoo! did is simple theft, copying content from blogs without permission and claiming that its their property!.
Shame Shame Yahoo!

Know more about the issue
This issue has been discussed in detail in various blogs. Few of them are listed below.

1) And Yahoo counsels us to respect intellectual rights of others (ദേവനും തന്റെ രൂപം കാട്ടിയിരിക്കുന്നു. )
2) Bloggers protest on March 5th 2007 against Yahoo!
3) Content theft by Yahoo India
4) Content Theft by Yahoo! Shame Shame…
5) Global Voice - News
6) If it were… - സിബു
7) Indian bloggers Mad at Yahoo
8) Indian bloggers Mad at Yahoo
9) JUGALBANDI
10) Lawyers’ Opinion
11) Malayalam Bloggers Don’t Agree with Yahoo India
12) Mathrubhoomi (Malayalam News)
13) Tamil News
14) Wat Blog
15) Yahoo back upsetting people
16) Yahoo India accused of plagiarism by Malayalam blogger
17) Yahoo India Denies Stealing Recipes
18) Yahoo Plagiarism Protest Scheduled March 5th
19) याहू ने साहित्यिक चोरि की
20) കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...
21) കറിവേപ്പില - സൂര്യഗായത്രി
22) ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം
23) മനോരമ ഓണ്‍ലൈന്‍
24) മാതൃഭൂമി
25) യാഹൂവിന്റെ ബ്ലോഗ് മോഷണം (നന്ദിയുണ്ട്‌ ഹരി)
26) ലാബ്‌നോള്‍ - അമിത് അഗര്‍വാള്‍
27) ശേഷം ചിന്ത്യം- സന്തോഷ്
28) സങ്കുചിത മനസ്കന്‍

Monday, February 05, 2007

രാഷ്ട്രീയവത്കരിക്കുക, നമ്മെ, നാടിനെ, മക്കളെപ്പോലും....

രാഷ്ട്രീയക്കാര്‍കാണിച്ചുകൂട്ടുന്ന കൊള്ളരുതായ്മകള്‍ എന്നും വാര്‍ത്തയാണല്ലോ. "ഇതൊക്കെ രാഷ്ട്രീയക്കാരുടെ കോപ്രായ"മെന്ന് ഒരിക്കലെങ്കിലും പ്രാകാത്തവര്‍ ചുരുക്കം. ഈ പ്രശ്നത്തെക്കുറിച്ചുതനനെ നമുക്ക് ചിന്തിക്കാം....
ചോദ്യം 1. ലോകത്തിലെ ഏറ്റവും നല്ല ഭരണ വ്യവസ്ഥ ഏതാണ്?
a. രാജഭരണം
b. നാടുവാഴിത്തം/ ജന്മിത്വം
c. വിദേശാധിപത്യം
d. ഫാസിസം
i. പട്ടാള ഭരണം
e. കമ്യൂണിസം (റഷ്യന്‍‍, ചൈനീസ് ‍, വിയത്നാം മോഡല്‍)
f. മതാധിപത്യം
g. ക്യൂബ, വെനിന്‍സ്വേ‍ല മോഡല്‍ (പേരറിയില്ല)
h. അമേരിക്കന്‍ മോഡല്‍
i. ഇന്ത്യന്‍ മോഡല്‍ ജനാതിപത്യം

പ്രാകൃതകമ്യൂണിസം (നമ്മുടെ നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍, മാവേലിനാട് സങ്കല്‍പം), ഡയരക്റ്റ് ജനാതിപത്യം തുടങ്ങി ഇന്നത്തെ സമുഹത്തില്‍ പ്രായോഗികമല്ലാത്ത രീതികളും, നാലാം ലോകം, സോഷ്യലിസം (കമ്യൂണിസ്റ്റുകാരുടെ സ്വപ്നം), ദൈവലോകം, രാമരാജ്യം തുടങ്ങി എനിക്ക് ആശയ വ്യക്തത ഇല്ലാത്ത രീതികളും മുകളിലത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്, ക്ഷമിക്കുക.....
എന്റെ ഉത്തരം, ഇന്ത്യന്‍ മോഡല്‍ ജനാതിപത്യമെന്നാണ്. അതായത്, ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും നല്ല ഭരണരീതിയാണ് നാം തിരഞ്ഞെടുത്തത്. ഭരണഘടനാ ശില്പികള്‍ക്ക് വണക്കം...

ചോ: എന്നിട്ടും, എന്നിട്ടും, ഈ നാടെന്താ ഇങ്ങനെ?....
ഉ: ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ കുഴപ്പം, ല്ലാതെന്താ.....
ചോ: ഈ ഉത്തരം ഒരുതരം കൈകഴുകുകയല്ലേ?
ഉ: ഇവന്‍മാരെയൊക്കെ തിരഞ്ഞെടുത്ത നമ്മളെ പറഞ്ഞാല്‍ മതി...

വലിയൊരു വിഭാഗം ഇന്ത്യക്കാരുടെയും പ്രതികരണം ഇങ്ങനെയാണ്..(എന്ന് എനിക്ക് തോന്നുന്നു, തെളിവില്ല..). മലയാളികള്‍ താരതമ്യേനെ ഭേദമാണ്, സംശയമുണ്ടേല്‍ മലയാള പത്രങ്ങളും, ഇതരഭാഷാ പത്രങ്ങളും ഒന്ന് താരതമ്യപ്പെടുത്തിനോക്കിയാല്‍ മതി. എന്നാല്‍, ഇങ്ങനെ കുറ്റംപറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാനാവുമോ? നമുക്കീ നാടിനെ നന്നാക്കണ്ടെ? അതിന് നമുക്കെന്ത് ചെയ്യാനാവും? "നല്ല" ഭരണാധികാരികളെ തിരഞ്ഞെടുക്കുകയാണോ നമ്മുടെ ചുമതല? "നല്ല ആരുമില്ല" എങ്കില്‍ എന്ത് ചെയ്യണം?

"ജനങ്ങളില്‍ നിന്ന്, ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍" ഉള്ള സമ്പ്രതായത്തില്‍‍ ഏറ്റവും ശക്തി(power) ജനങ്ങള്‍ക്കാണെന്ന് എന്ന് നമ്മുടെ ഭരണഘടന അടിവരയിട്ടുപറയുന്നു (ചില ജഡ്ജിമാര്‍ക്ക് ഇപ്പോ മറ്റുപലതും തോന്നിത്തുടങ്ങിയിട്ടുണ്ടത്രേ). എന്നാല്‍, തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രക്രിയില്‍ ജനങ്ങള്‍ നേരിട്ടല്ല, മറിച്ച് ജനപ്രതിനിധികളിലൂടെയാണ് ഇടപെടുന്നത്. അതിനാല്‍ അതൊരു രാഷ്ട്രീയപ്രക്രിയയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈ ഭരണവ്യവസ്ഥയില്‍ സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയമാണ്. ലഭ്യമായതില്‍ ഏറ്റവും നല്ലവ്യവസ്ഥ ആയതിനാല്‍ വ്യവസ്ഥയെ കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല.

പിന്നെയുള്ള പരിഹാരം, ഈ രാഷ്ട്രീയ പ്രക്രിയയെതന്നെ നന്നാക്കുക എന്നതാണ്. അതിന് ‍ സമൂഹത്തിലെ കഴിവുള്ളവര്‍, നല്ല ആശയമുള്ളവര്‍, മുഴുവനും വ്യക്തമായി ഈ രാഷ്ട്രീയപ്രക്രിയയില്‍ ഇടപെടണം. ഈ ഇടപെടലാണ് രാഷ്ട്രീയം......ഇങ്ങനെ ഇടപെടുന്നവരെല്ലാം രാഷ്ട്രീയക്കാരുമാണ്. അവര്‍ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകരാകണമെന്നല്ല ഇതിനര്‍ഥം, മറിച്ച്‍ രാഷ്ട്രീയവത്കരിക്കപ്പെടണം എന്നാണ്. നാടിനെക്കുറിച്ച് താങ്കള്‍ ചിന്തിച്ചിക്കുന്നുവെങ്കില്‍, അതിനെക്കുറിച്ച് താങ്കള്‍ക്ക് ഒരുകാഴ്ച്ചപ്പാടുണ്ടെങ്കില്‍, താങ്കളും രാഷ്ട്രീയവത്കരിക്കപ്പെടണം......നമ്മുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നൊളിച്ചോടിയിട്ട് മറ്റാരെയെങ്കിലും കുറ്റം പറഞ്ഞിട്ടെന്തുകാര്യം?

പറഞ്ഞുവരുന്നത്, സമൂഹത്തിന്റെ നന്മയ്ക്ക് നാം ചെയ്യേണ്ടത്, നമ്മെതന്നെ രാഷ്ട്രീയവത്കരിക്കുക എന്നതാണ്. പോര, നാടിനെതന്നെ രാഷ്ട്രീയവത്കരിക്കണം... മതിയോ? നമ്മുടെലക്ഷ്യം ഒരു നല്ല നാളെയാണെങ്കില്‍, നാളെത്തെ സമൂഹത്തിന് നല്ല പൌരന്‍മാരെ വാര്‍ത്തെടുക്കാന്‍ കഴിയണം. നേരത്തേപറഞ്ഞതുമായി ചേര്‍ത്തുവായിച്ചാല്‍, നമ്മെപ്പോലെ അവരെയും രാഷ്ട്രീയവത്കരിക്കണം, രാഷ്ട്രീയ ബോധമുള്ളവരാക്കണം. (വിദ്യാര്‍ഥിസംഘടനയില്‍ ചേര്‍ക്കണം എന്നല്ല)...അവരോട് സമൂഹത്തിലെ തീഷ്ണമായ പ്രശ്നങ്ങളെ പറ്റി സംസാരിക്കണം, എങ്ങനെ അവ പരിഹരിക്കാമെന്ന് ചര്‍ച്ചചെയ്യണം. അവരതിനെപറ്റി ചിന്തിക്കട്ടെ.......

അതിനുപകരം, ചുറ്റുംനോക്കരുതെന്ന് പറഞ്ഞ്, പ്ലാച്ചിമടയിലെ പാവങ്ങളുടെ ചങ്കുപിഴിഞ്ഞെടുത്ത കോള കുടുപ്പിച്ച്, പണമാണഖിലസാരമൂഴിയില്‍ എന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം... മാറുമോ, മാറ്റാനാവുമോ?

ഓര്‍ക്കുട്ട് കാണിച്ചുതരുന്നത്
നാട് നന്നാവണം എന്നാഗ്രഹിക്കുന്ന ഏതൊരാളും അതിനുള്ള വഴിയെന്തെന്ന് ചിന്തിക്കില്ലേ? അതിനെ കുറിച്ച് അയാള്‍ക്ക് ചിലകാഴ്ചപ്പാടുകളുണ്ടാവില്ലേ? ഈ കാഴ്ചപ്പാടിനെയല്ലേ അയാളുടെ രാഷ്ട്രീയ നിലപാട് എന്ന് വിശേഷിപ്പിക്കുന്നത്? ഇനി ഓര്‍ക്കട്ട് തുറന്ന്, നിങ്ങളുടെ സൂഹൃത്തുക്കളുടെ പ്രൊഫൈലുകള്‍ വായിക്കൂ... ഭൂരിപക്ഷം പേരും "നോട്ട് പൊളിറ്റിക്കല്‍" എന്ന് എഴുതിയിട്ടില്ലേ? എന്താ അതിന്റെ അര്‍ഥം? സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ കുറിച്ച്, നാടിന്റെ ഭാവിയെക്കുറിച്ച്, അവര്‍ ചിന്തിച്ചിട്ടില്ല, താല്പര്യവുമില്ല എന്നല്ലേ? ഇതിലും മോശമായ ഒരുകാഴ്ചപ്പാട് വേറെയുണ്ടോ? [കടപ്പാട്: ദീപക് ആര്‍]

Saturday, February 03, 2007

മലയാളം ഡൊമെയിന്‍നാമങ്ങള്‍-2

പ്രശ്നം അല്പം വിശാലമായി തന്നെ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നല്ലോ? ഇനി പരിഹാര മാര്‍ഗ്ഗങ്ങള്‍ നോക്കാം...

പ്രശ്നം ഒന്ന്
ഇതിന്റെ പരിഹാരം വളരെ ലളിതമാണ്. സ്പൂഫിംഗിന് സാധ്യതയുള്ള ഒരു കോമ്പിനേഷനും IDN-ല്‍ അനുവദിക്കരുത്. ഉദാഹരണത്തിന് 'ഒ' എന്ന അക്ഷരത്തിന് തൊട്ടുശേഷം, 'ാ' എന്ന ചിഹ്നം മലയാളത്തല്‍ ഒരിക്കലും വരില്ല (ആശയക്കുഴപ്പം വേണ്ട, 'ഓ' എന്നത് ഒരു പ്രത്യേക അക്ഷരമാണ്, അല്ലാതെ, ഒ ാ എന്നിവയുടെ കോമ്പിനേഷനല്ല). അതുകൊണ്ടുതന്നെ, ഒ ാ എന്നീ അക്ഷരങ്ങള്‍ അടുത്തടുത്തു വരുന്ന രീതിയില്‍ ആരെങ്കിലും വെബ്സൈറ്റ് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് സ്പൂഫിംഗിനാണെന്ന് ഉറപ്പിക്കാം. ഇത്തരത്തില്‍ ഒഴിവാക്കപ്പെടേണ്ട കോമ്പിനേഷനുകള്‍ ഒരു ലിസ്റ്റായി IDN സൂക്ഷിക്കുന്നുണ്ട്..(ഈ ലിസ്റ്റിന്റെ സാങ്കേതിക നാമം ആര്‍ക്കെങ്കിലും അറിയുമോ?). മലയാളത്തില്‍ ഇങ്ങനെ ഒഴിവാക്കപ്പെടേണ്ട കോമ്പിനേഷനുകള്‍ താഴെ കാണിക്കുന്നു.
1. ഒ ാ
2. ഒ ൌ
3. ഇ ൌ
4. ഉ ൌ
5. െ എ
6. റ റ
7. ള ള
8. േ ാ
9. െ ാ
10. െ െ
11. െ ൌ
ഇത്തരത്തില്‍ ഇനിയേതെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കൂ (ൌ ചിഹ്നം ഉണ്ടാക്കുന്ന ആശയക്കുഴപ്പം തത്കാലം വിടുന്നു)

പ്രശ്നം രണ്ട്

ഇവിടെയും പ്രശ്നം അവതരിപ്പിച്ചപ്പോള്‍ തന്നെ പരിഹാരത്തെക്കുറിച്ചുള്ള സൂചനയുണ്ട്. പ്രശ്നം ഒന്ന് പരിഹരിക്കപ്പെടുന്നതിലൂടെ ഭാഗികമായി ഈ പ്രശ്നവും പരിഹരിക്കപ്പെടുന്നുണ്ട്. 'േ' ' ാ' എന്നീ ചിഹ്നങ്ങള്‍‍ ഒരിക്കലും അടുത്തടുത്തു വരില്ലല്ലോ?... പിന്നെ പ്രശ്നം വരാന്‍ സാധ്യത, 'െ', 'േ' എന്നീ ചിഹ്നങ്ങള്‍ ഒരുവാക്കിന്റെ ആദ്യം വരുമ്പോഴാണ്. മലയാളത്തില്‍ ഒരുവാക്കിന്റെയും തുടക്കത്തില്‍ ഈ ചിഹ്നങ്ങള്‍ വരില്ല ( 'ക' 'േ' 'ര' എന്നതിനെയല്ലേ നാം കേര എന്നുവായിക്കുന്നത്..). അതുകൊണ്ട് തന്നെ, വെബ്അഡ്രസ്സിന്റെ തുടക്കത്തില്‍ 'െ', 'േ' ചിഹ്നങ്ങള്‍ അനുവദിക്കാതിരുന്നാല്‍ മതി. ഇടയ്ക്ക് അക്കങ്ങളോ, ഇംഗ്ലീഷ് അക്ഷരങ്ങളോ വന്നാല്‍, അവയ്ക്ക് ശേഷം ആദ്യം വരുന്ന മലയാളം അക്ഷരം 'െ', 'േ' എന്നിവ ആകരുത് എന്നുകൂടി ഉറപ്പിക്കണം... (ഉദാഹരണം വേണോ?)
ഈ പ്രശ്നം സി-ഡാക് പരിഹരിക്കാന്‍ ശ്രമിക്കൂന്നത്, എന്തൊക്കയോ റീ-ഓഡറിംഗ് പരിപാടിയിലൂടെയാണെന്നറിയാന്‍ കഴിഞ്ഞൂ. പ്രശ്നം സങ്കീര്‍ണ്ണമാക്കുകയല്ലേ ഇവിടെ? മാത്രമല്ല, റീ-ഓര്‍ഡറിംഗ് പൂതിയ ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.... അതോ, മുകളിലത്തെ നിര്‍ദ്ദേശത്തില്‍ ഞാന്‍ കാണാതെപോയ ഏതേലും ബഗ്ഗ് ഉണ്ടോ? (ബഗ്ഗില്ലെങ്കില്‍ നമുക്കിത് സീ-ഡാക്കിനെ അറിയിച്ചു നോക്കാം).

പ്രശ്നം മൂന്ന്
ഏതായാലും ചില്ല് എന്‍കോഡിംഗ് വരികയല്ലേ..... അപ്പോ ഇതിനെകുറിച്ച് ഇനി ചിന്തിക്കേണ്ട... ചില്ലൊഴികെ വേറെ എവിടേലും ഇത് (IDN ല്‍ Zwj അനുവദിക്കാത്തത്) സ്പൂഫിംഗിന് കാരണമാകുമോ? അറിയില്ല..

പ്രശ്നം നാല്

മലയാളഭാഷയിലെ അക്ഷരങ്ങളോട് സാമ്യമുള്ള മറ്റ് ഭാഷാ അക്ഷരങ്ങളുടെ ഒരു ലിസ്റ്റ് സി-ഡാക് നിര്‍മ്മിച്ചിട്ടുണ്ട്. (ഇപ്പോ തമിഴും ആംഗലേയവും മാത്രമേ നോക്കേണ്ടതുള്ളൂ, മറ്റു ഭാഷകളില്‍ ഡൊമെയിന്‍ പേരുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ല....). അപ്പൊ, ഞാന്‍ ഇട (ട - മലയാളം) എന്ന പേരില്‍ സൈററ് രജിസ്റ്റര്‍ ചെയ്താല്‍ ഇs (s- ആംഗലേയം) എന്ന പേരില്‍ മറ്റൊരു സൈറ്റ് അനുവദിക്കില്ല.... മറിച്ചും.
ഇപ്പോല്‍ ss.in (s - english) എന്ന സൈറ്റുണ്ടെങ്കില്‍ എനിക്ക് ടട.in (ട മലയാളത്തില്‍) എന്ന പേരില്‍ സൈറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല..... തമിഴുമായും ഇങ്ങനെ ചില സാമ്യതകളുണ്ട്.....
രസകരമായ ഒരുകാര്യം, ഈ നിബന്ധനകളൊക്കെ നമ്മുടെ .in സേര്‍വറിന് മാത്രമേ ബാധകമാകൂ എന്നതാണ്. മറ്റുള്ളവ നടത്തുന്നത്, പ്രൈവറ്റ് കമ്പനികളാണ്, അവര്‍ക്ക് സ്പൂഫിംഗ് അല്ല, ലാഭമാണ് പ്രധാനം....
മലയാളത്തില്‍ ഇപ്പൊഴുള്ള ഡൊമെയിന്‍ നാമം കണ്ടിട്ടില്ലേ.. മലയാളം.com ല്‍ പോയി നോക്കൂ....
(കെവിയാണ് ഇത് എനിക്ക് കാണിച്ചുതന്നത്, ആരാണാവോ ഇത് രജിസ്റ്റര്‍ ചെയ്തത്!)